04:38am 09 November 2026
NEWS
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; 10,000 രൂപ കെട്ടിവെക്കാൻ നിർദേശം
14/08/2026  08:53 AM IST
നിയമകാര്യ ലേഖകൻ
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; 10,000 രൂപ കെട്ടിവെക്കാൻ നിർദേശം

​കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകളുടെയും വസതിയിൽ മെയ് 27-ന് നടന്ന റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതി ഹരീഷ് കുമാറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി തള്ളി.
​തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പ്രതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കേസിലെ പരാതിക്കാരനായ ഇ.ഡി ഉദ്യോഗസ്ഥൻ വി. സനാഥ് റെഡ്ഡി പൊളംറെഡ്ഡിയും നൽകിയ ഹർജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് തള്ളിയത്. ഈ കേസിൽ സമാന രീതിയിൽ കുറ്റാരോപിതരായ മറ്റ് പ്രതികൾക്കും ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സമാന സാഹചര്യമുള്ള മറ്റ് പ്രതികൾക്ക് മുൻപ് ജാമ്യം ലഭിച്ചതിനാൽ സെഷൻസ് കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
​എന്നാൽ, ഹരീഷ് കുമാറിന് ഹൈക്കോടതി ഒരു അധിക ഉപാധി കൂടി നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിയിൽ 10,000 രൂപ കെട്ടിവെക്കണമെന്നാണ് ഉത്തരവ്. 'ഹേമചന്ദ്രൻ എം.ടി എന്ന കമലേഷ്, മറ്റുചിലർ വി/എസ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്' കേസിലെ മുൻ ഉത്തരവുകളുടെ മാതൃക പിന്തുടർന്നാണ് ഈ നടപടി.
​സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവെച്ച മറ്റ് ഉപാധികളെല്ലാം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരും ഇ.ഡി ഉദ്യോഗസ്ഥനും നൽകിയ ഹർജികൾ (Crl.M.C. Nos. 5345/2026, 5337/2026) ഈ നിർദ്ദേശങ്ങളോടെ കോടതി തീർപ്പാക്കി. കേസിൽ ഹൈക്കോടതിയുടെ വിശദമായ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img